മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിനെക്കുറിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ വിശദീകരണം നൽകി. സിറാജിനെ ഒഴിവാക്കേണ്ടത് ദുർഭാഗ്യകരമാണെന്ന് രോഹിത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സിറാജിനെ ഒഴിവാക്കേണ്ടത് ദുർഭാഗ്യകരമാണ്. പഴയ പന്തിൽ സിറാജിന് മികച്ച പ്രകടനം കാട്ടാൻ കഴിയുന്നില്ല എന്നത് സത്യമാണ്. ന്യൂബോളിൽ സിറാജിനെ ഇപ്പോൾ ഉപയോഗിക്കുന്നില്ല. അതിനാൽ, മറ്റൊരു വഴിയില്ലാത്തതിനാൽ സിറാജിനെ ഒഴിവാക്കേണ്ടി വന്നു. പുതിയ പന്തിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും സമാനമായി പന്തെറിയാൻ കഴിവുള്ള ബൗളർമാരെയാണ് ടീമിലേക്ക് പരിഗണിച്ചതെന്ന് രോഹിത് വ്യക്തമാക്കിയിട്ടുണ്ട്.
2022-ൽ ഏകദിന മത്സരങ്ങളിൽ 23.4 ശരാശരിയിൽ 24 വിക്കറ്റുകൾ നേടിയ മുഹമ്മദ് സിറാജ്, 2023-ൽ 20.6 ശരാശരിയിൽ 44 വിക്കറ്റുകൾ വീഴ്ത്തി മികച്ച ഫോമിൽ ഉണ്ടായിരുന്നു. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കക്കെതിരെ 21 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ നേടുന്ന പ്രകടനത്തോടെ, സിറാജ് ഏകദിന ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. എന്നാൽ, കഴിഞ്ഞ വർഷം ഇന്ത്യ ആകെ ആറ് ഏകദിനങ്ങളിൽ മാത്രം കളിച്ചപ്പോൾ, സിറാജ് വെറും മൂന്ന് വിക്കറ്റുകൾ മാത്രമാണ് നേടിയത്.