ടെക്സസ്: സ്റ്റാർഷിപ്പ് മെഗാ റോക്കറ്റിന്റെ അടുത്ത പ്രധാന പരീക്ഷണ പറക്കലിനായി സ്‌പേസ് എക്‌സ് ഒരുക്കങ്ങൾ നടത്തുന്നു. ബോക്ക ചിക്കയിലെ സ്‌പേസ് എക്‌സിന്റെ സ്റ്റാർബേസിൽ നിന്ന് വെള്ളിയാഴ്ച ഭീമൻ റോക്കറ്റ് എട്ടാം പരീക്ഷണ പറക്കലിന് കുതിച്ചുയരും. ഏഴാം വിക്ഷേപണ പരീക്ഷണം ബഹിരാകാശത്തിൽ നടന്ന പൊട്ടിത്തെറിയിൽ അവസാനിച്ചതിനാൽ, എട്ടാം പരീക്ഷണം വിജയകരമായി നടത്തുന്നത് സ്‌പേസ് എക്‌സിന് അനിവാര്യമാണ്.
ഗ്രഹാന്തര യാത്രകളുടെ ലക്ഷ്യത്തോടെ ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് രൂപകല്‍പന ചെയ്ത ഏറ്റവും വലിയ, ഭാരമേറിയ റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്. 121 മീറ്റർ ഉയരമുള്ള ഈ റോക്കറ്റിന് രണ്ട് ഘട്ടങ്ങളുണ്ട്: സൂപ്പർ ഹെവി ബൂസ്റ്റർ, സ്റ്റാർഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് (ഷിപ്പ്). സൂപ്പർ ഹെവി ബൂസ്റ്റർ 71 മീറ്റർ ഉയരമുള്ളതാണ്, 33 റാപ്റ്റർ എഞ്ചിനുകൾ അതിന് ശക്തി നൽകുന്നു. ഷിപ്പിന്റെ ഉയരം 52 മീറ്റർ ആണ്. ഈ രണ്ട് ഘട്ടങ്ങളിലെ റാപ്റ്റർ എഞ്ചിനുകൾ ദ്രവ രൂപത്തിലുള്ള മീഥെയിനും ദ്രാവക രൂപത്തിലുള്ള ഓക്സിജനും കത്തിച്ച്, ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്തെ ദൗത്യങ്ങൾക്ക് ആവശ്യമായ ഊർജ്ജം നൽകുന്നു. സൂപ്പർ ഹെവി ബൂസ്റ്റർ വലിയ പേലോഡുകൾ ഉയർത്താൻ കഴിയും, കൂടാതെ സ്റ്റാർഷിപ്പ് ചന്ദ്രനിലോ ചൊവ്വയിലോ താവളങ്ങൾ നിർമ്മിക്കാൻ അനുയോജ്യമാണ് എന്ന് സ്പേസ് എക്സ് അവകാശപ്പെടുന്നു.