തിരുവനന്തപുരം: ബംഗാളി നടിക്കെതിരായ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിർദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കും.
രഞ്ജിത്തിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് നടി ഇന്ന് ഇമെയിൽ വഴി പരാതി നൽകി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.
ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പര്‍ശിച്ചു. കൊച്ചി കടവന്ത്രയിലെ അപ്പാർട്ട്മെൻ്റിലാണ് സംഭവം. അപ്പാർട്ട്മെൻ്റിലേക്ക് ക്ഷണിച്ചത് രഞ്ജിത്താണ്. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാനാണ് ക്ഷണിച്ചത്. ലക്ഷ്യം സിനിമയല്ലെന്ന് മനസ്സിലാക്കി ഹോട്ടൽ മുറിയിലേക്ക് മടങ്ങി. സംവിധായക സുഹൃത്തായ ജോഷി ജോസഫിനോട് സംഭവം അറിയിച്ചതായി നടിയുടെ പരാതിയിൽ പറയുന്നു.
സംവിധായകൻ രഞ്ജിത്തിൻ്റെ പാലേരിമാണിക്യം എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെയാണ് ദുരനുഭവം ഉണ്ടായതെന്ന് നടി പറഞ്ഞു. മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം കൈകളിലും വളകളിലും കഴുത്തിലും മുടിയിലും അടിച്ചെന്ന് നടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.